കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് അവര്‍ സമൂഹത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് "കേരള പുരസ്കാരങ്ങള്‍" എന്ന പേരില്‍ പരമോന്നത പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 21.10.2021തീയതിയിലെ സ.ഉ.(പി) 27/2021/പൊ.ഭ.വ. നമ്പര്‍ ഉത്തരവ് പ്രകാരം തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത പുരസ്കാരങ്ങള്‍ "കേരള ജ്യോതി", "കേരള പ്രഭ", "കേരള ശ്രീ" എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് നല്‍കുന്നത്. വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. വര്‍ണ്ണം, വര്‍ഗ്ഗം, ലിംഗം, ജാതി, തൊഴില്‍, പദവി ഭേദമന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം, സയന്‍സ്&എഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി, മറ്റ് മേഖലകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെയാണ് കേരളപുരസ്കാരങ്ങള്ക്കായി പരിഗണിക്കുന്നത്.
കേരള പുരസ്കാരങ്ങള്‍ക്കായി വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല എന്നാല്‍ ആര്‍ക്കും മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. 2022-ലെ കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരള പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി 2022 ഏപ്രില്‍ 1 മുതല്‍ സമര്‍പ്പിക്കാവുന്നതാണ്. നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 30 ആണ്.
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾക്ക് നൽകുന്ന കീർത്തിമുദ്ര, കീർത്തിമുദ്രയുടെ ചെറിയ പതിപ്പ്, സാക്ഷ്യപത്രം എന്നിവ രൂപകൽപ്പന ചെയ്തത് ശിൽപിയായ ശ്രീ. ഗോഡ്ഫ്രെ ദാസ് ആണ്.
പ്രാഥമിക പരിശോധനാസമിതി, ദ്വിതീയ പരിശോധനാസമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരിശോധനയിലൂടെയാണ് പുരസ്കാരത്തിനര്‍ഹരായവരെ നിശ്ചയിക്കുന്നത്.
© 2023 Government of Kerala. Powered by Kerala State IT Mission (KSITM).